ടെൽ അവീവ്: ഗാസയിൽനിന്നും കണ്ടെടുത്ത അവസാന ഇസ്രയേൽ ബന്ദിയുടെ മൃതദേഹവും സംസ്കരിച്ചു. പോലീസുകാരനായിരുന്ന റാൻ ഗാവിലിന്റെ (24) സംസ്കാര ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുത്തു.
ഗാവിലിന്റെ ജന്മനാടായ തെക്കൻ ഇസ്രയേലിലെ മെയ്താറിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ക്യാമ്പ് ഷൂറയിൽനിന്ന് വിലാപയാത്രയായാണു മൃതദേഹം മെയ്താറിൽ എത്തിച്ചത്.
ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്ന യുദ്ധ ലക്ഷ്യം കൈവരിക്കാനും അതുവഴി ഗാവിലിന്റെ രക്തസാക്ഷിത്വത്തെ ബഹുമാനിക്കാനും ഇസ്രയേൽ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അനുസ്മരണചടങ്ങിൽ നെതന്യാഹു പറഞ്ഞു.